
ചെങ്ങന്നൂർ: വേനൽച്ചൂടിലും റോഡിലെ തിരക്കിലും എപ്പോഴും കാണുന്നൊരു ചിരിയുണ്ടായിരുന്നു പ്രജിത്തിന്. പക്ഷേ, ആ പുഞ്ചിരിക്ക് പെട്ടെന്നാണ് കരിനിഴൽ വീണത്. ചെങ്ങന്നൂർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ പ്രജിത്തിന്റെ കരളിനെയും വൃക്കകളെയും രോഗം കവർന്നെടുത്തപ്പോൾ, വിധി ആ കുടുംബത്തിന് മുന്നിൽ നീട്ടിയത് 50 ലക്ഷം രൂപയുടെ ചികിത്സാച്ചെലവാണ്. സാധാരണക്കാരായ ഒരു കുടുംബത്തിന് ചിന്തിക്കാൻ പോലും കഴിയാത്ത തുക.
പക്ഷേ, പ്രജിത്ത് തനിച്ചല്ലെന്ന് ഈ നാട് തെളിയിച്ചു. പോലീസ് യൂണിഫോമിനോടും പ്രജിത്തിനോടുമുള്ള സ്നേഹം വരികൾക്കിടയിലല്ല, പ്രവർത്തിയിലൂടെയാണ് ചെങ്ങന്നൂരുകാർ വരച്ചിട്ടത്.
ചെങ്ങന്നൂർ - മാന്നാർ റൂട്ടിൽ ഓടുന്ന അശ്വതി ട്രാവൽസ് എന്ന സ്വകാര്യ ബസ് ഓടിയത് സാധാരണ സർവീസായിരുന്നില്ല; പ്രജിത്തിന്റെ ജീവൻ നിലനിർത്താനുള്ള കാരുണ്യയാത്രയായിരുന്നു. രാവിലെ ചെങ്ങന്നൂർ സിഐ ആർ . രഗീഷ് കുമാർ. ഫ്ലാഗ് ഓഫ് ചെയ്തതോടെ ആ ബസിലെ ഓരോ ടിക്കറ്റും പ്രജിത്തിനായുള്ള പ്രാർഥനയായി മാറി.
ബസ് ഉടമ അരുണും പ്രോഗ്രാം കോർഡിനേറ്റർ ബാലു ശ്രീകുമാറും മുന്നിൽ നിന്ന് നയിച്ച ആ ദൗത്യം നാട് നെഞ്ചിലേറ്റി. ഒറ്റദിവസം അശ്വതി ട്രാവൽസ് നടത്തിയത് 16 ട്രിപ്പുകളാണ്. ബസിൽ കയറിയ യാത്രക്കാർ ടിക്കറ്റ് തുകയ്ക്ക് പുറമേ കൈയിലുള്ളതും നൽകി. വഴിയിലുടനീളം നാട്ടുകാരും , അഞ്ച് ബസ് ജീവനക്കാർ ഒരു ദിവസത്ത് വേതനം നല്കി ഈ നന്മയ്ക്കൊപ്പം കൈകോർത്തു.
ദിവസം അവസാനിച്ചപ്പോൾ ആ കളക്ഷൻ ബോക്സിൽ സമാഹരിക്കപ്പെട്ടത് അര ലക്ഷത്തിലധികം രൂപയാണ്. ഈ തുക സമാഹരണത്തിലൂടെ ഒരു നാട് മുഴുവൻ തനിക്കൊപ്പമുണ്ടെന്ന വലിയ ഉറപ്പാണ് ഈ കാരുണ്യയാത്ര പ്രജിത്തിന് നൽകുന്നത്.










